സങ്കീർത്തനങ്ങൾ 137:1-9

സങ്കീർത്തനങ്ങൾ 137:1-9 MALOVBSI

ബാബേൽനദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു. അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു. ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: സീയോൻഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവർ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു. ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ? യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലംകൈ മറന്നുപോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ. ഇടിച്ചുകളവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിൻ! എന്നിങ്ങനെ പറഞ്ഞ എദോമ്യർക്കായി യഹോവേ, യെരൂശലേമിന്റെ നാൾ ഓർക്കേണമേ. നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ ഭാഗ്യവാൻ. നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.