ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവച്ച് എന്റെ കണ്ണ് നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു. പുകയത്തു വച്ച തുരുത്തിപോലെ ഞാൻ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല. അടിയന്റെ ജീവകാലം എന്തുള്ളൂ? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും? നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ. അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും. നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും. യഹോവേ, നിന്റെ വചനം സ്വർഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു. അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ. നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു. ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നത്. ഞാൻ നിനക്കുള്ളവനത്രേ; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു. ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും. സകല സമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീർണമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 119
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 119:81-96
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ