സങ്കീർത്തനങ്ങൾ 119:153-176

സങ്കീർത്തനങ്ങൾ 119:153-176 MALOVBSI

എന്റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കേണമേ; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല. എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ. യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല. ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ. നിന്റെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ. നിന്റെ വചനത്തിന്റെ സാരം സത്യംതന്നെ; നിന്റെ നീതിയുള്ള വിധികളൊക്കെയും എന്നേക്കുമുള്ളവ. പ്രഭുക്കന്മാർ വെറുതേ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനം നിമിത്തം എന്റെ ഹൃദയം പേടിക്കുന്നു. വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു. ഞാൻ ഭോഷ്കു പകച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു. നിന്റെ നീതിയുള്ള വിധികൾ നിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു. നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ട്; അവർക്കു വീഴ്ചയ്ക്കു സംഗതി ഏതുമില്ല. യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു. എന്റെ മനസ്സ് നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു. യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ. എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ. നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരുന്നതുകൊണ്ട് എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. നിന്റെ കല്പനകളൊക്കെയും നീതിയായിരിക്കയാൽ എന്റെ നാവ് നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ. നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ. യഹോവേ, ഞാൻ നിന്റെ രക്ഷയ്ക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു. നിന്നെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ. കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാൻ മറക്കുന്നില്ല.