സങ്കീർത്തനങ്ങൾ 119:121-152

സങ്കീർത്തനങ്ങൾ 119:121-152 MALOVBSI

ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ. അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. എന്റെ കണ്ണ് നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു. നിന്റെ ദയയ്ക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ. യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബലമാക്കിയിരിക്കുന്നു. അതുകൊണ്ട് നിന്റെ കല്പനകൾ എനിക്കു പൊന്നിലും, തങ്കത്തിലും അധികം പ്രിയമാകുന്നു. ആകയാൽ നിന്റെ സകല പ്രമാണങ്ങളും ഒത്തതെന്ന് എണ്ണി, ഞാൻ സകല വ്യാജമാർഗത്തെയും വെറുക്കുന്നു. നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവയെ പ്രമാണിക്കുന്നു. നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ ഞാൻ എന്റെ വായ് തുറന്നു കിഴയ്ക്കുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യേണമേ. എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ട് എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു. യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നെ. നീ നീതിയോടും അത്യന്ത വിശ്വസ്തതയോടുംകൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു. എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ട് എന്റെ എരിവ് എന്നെ സംഹരിക്കുന്നു. നിന്റെ വചനം അതിവിശുദ്ധമാകുന്നു. അതുകൊണ്ട് അടിയന് അതു പ്രിയമാകുന്നു. ഞാൻ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല. നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു. കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു. നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു ബുദ്ധി നല്കേണമേ. ഞാൻ പൂർണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളേണമേ; യഹോവേ, ഞാൻ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും. ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും. ഞാൻ ഉദയത്തിനു മുമ്പേ എഴുന്നേറ്റു പ്രാർഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശ വയ്ക്കുന്നു. തിരുവചനം ധ്യാനിക്കേണ്ടതിന് എന്റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. നിന്റെ ദയയ്ക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു. യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകളൊക്കെയും സത്യംതന്നെ. നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു.