സങ്കീർത്തനങ്ങൾ 119:1-10

സങ്കീർത്തനങ്ങൾ 119:1-10 MALOVBSI

യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ച് പൂർണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. അവർ നീതികേടു പ്രവർത്തിക്കാതെ അവന്റെ വഴികളിൽത്തന്നെ നടക്കുന്നു. നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിനു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു. നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന് എന്റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു. നിന്റെ സകല കല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാൻ ലജ്ജിച്ചുപോകയില്ല. നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ട് ഞാൻ പരമാർഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും. ഞാൻ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നത് എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നെ. ഞാൻ പൂർണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്ക് ഇടവരരുതേ.