എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്. അവൻ നിന്റെ അകൃത്യമൊക്കെയും മോചിക്കുന്നു; നിന്റെ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു; അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു. നിന്റെ യൗവനം കഴുകനെപ്പോലെ പുതുകി വരത്തക്കവണ്ണം അവൻ നിന്റെ വായ്ക്ക് നന്മകൊണ്ട് തൃപ്തിവരുത്തുന്നു. യഹോവ സകല പീഡിതന്മാർക്കുംവേണ്ടി നീതിയും ന്യായവും നടത്തുന്നു. അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു. യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ. അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല. അവൻ നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്ക് ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോട് വലുതായിരിക്കുന്നു. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു. അപ്പന് മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു. മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു. കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല. യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും. അവന്റെ നിയമത്തെ പ്രമാണിക്കുന്നവർക്കും അവന്റെ കല്പനകളെ ഓർത്ത് ആചരിക്കുന്നവർക്കും തന്നെ.
സങ്കീർത്തനങ്ങൾ 103 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 103
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 103:1-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ