സദൃശവാക്യങ്ങൾ 7:6-23

സദൃശവാക്യങ്ങൾ 7:6-23 MALOVBSI

ഞാൻ എന്റെ വീട്ടിന്റെ കിളിവാതിൽക്കൽ അഴിക്കിടയിൽക്കൂടി നോക്കിക്കൊണ്ടിരിക്കുമ്പോൾ ഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു; യൗവ്വനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായൊരു യുവാവിനെ കണ്ടറിഞ്ഞു. അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ, അവളുടെ വീട്ടിന്റെ കോണിനരികെ വീഥിയിൽക്കൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നുചെല്ലുന്നു. പെട്ടെന്ന് ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു. അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കയില്ല. ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവൾ പതിയിരിക്കുന്നു. അവൾ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നത്: എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്നു ഞാൻ എന്റെ നേർച്ചകളെ കഴിച്ചിരിക്കുന്നു. അതുകൊണ്ട് ഞാൻ നിന്നെ കാൺമാൻ ആഗ്രഹിച്ചു. നിന്നെ എതിരേല്പാൻ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു. ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയൻപടങ്ങളും വിരിച്ചിരിക്കുന്നു. മൂറും അകിലും ലവംഗവുംകൊണ്ടു ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു. വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്കു സുഖിക്കാം. പുരുഷൻ വീട്ടിൽ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു; പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്; പൗർണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളൂ. ഇങ്ങനെ ഏറിയൊരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച് അധരമാധുര്യംകൊണ്ട് അവനെ നിർബന്ധിക്കുന്നു. അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതു പോലെയും, പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കെണിയിലേക്കു ബദ്ധപ്പെടുന്നതു പോലെയും കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.