സദൃശവാക്യങ്ങൾ 25:1-14

സദൃശവാക്യങ്ങൾ 25:1-14 MALOVBSI

ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; യെഹൂദാരാജാവായ ഹിസ്ക്കീയാവിന്റെ ആളുകൾ അവയെ ശേഖരിച്ചിരിക്കുന്നു. കാര്യം മറച്ചുവയ്ക്കുന്നതു ദൈവത്തിന്റെ മഹത്ത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്ത്വം. ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം. വെള്ളിയിൽനിന്നു കീടം നീക്കിക്കളഞ്ഞാൽ തട്ടാന് ഒരു ഉരുപ്പടി കിട്ടും. രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും. രാജസന്നിധിയിൽ വമ്പു കാണിക്കരുത്; മഹാന്മാരുടെ സ്ഥാനത്തു നില്ക്കയും അരുത്. നീ കണ്ടിരുന്ന പ്രഭുവിന്റെ മുമ്പിൽ നിനക്കു താഴ്ച ഭവിക്കുന്നതിനെക്കാൾ ഇവിടെ കയറിവരിക എന്നു നിന്നോടു പറയുന്നതു നല്ലത്. ബദ്ധപ്പെട്ടു വ്യവഹാരത്തിനു പുറപ്പെടരുത്; അല്ലെങ്കിൽ ഒടുക്കം കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്തു ചെയ്യും? നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീർക്ക; എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്. കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുത്. തക്കസമയത്തു പറഞ്ഞ വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ. കേട്ടനുസരിക്കുന്ന കാതിനു ജ്ഞാനിയായൊരു ശാസകൻ പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു. വിശ്വസ്തനായ ദൂതൻ തന്നെ അയയ്ക്കുന്നവർക്കു കൊയ്ത്തുകാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു. ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.