നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക. നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊൾക. അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുത്; അവ വഞ്ചിക്കുന്ന ഭോജനമല്ലോ. ധനവാനാകേണ്ടതിനു പണിപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളക. നിന്റെ ദൃഷ്‍ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകൻ ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും. കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുത്. അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു; തിന്നുകുടിച്ചുകൊൾക എന്ന് അവൻ നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല. നീ തിന്ന കഷണം ഛർദിച്ചുപോകും; നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും. ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; അവൻ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും. പണ്ടേയുള്ള അതിർ നീക്കരുത്; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുത്. അവരുടെ പ്രതികാരകൻ ബലവാനല്ലോ; അവർക്കു നിന്നോടുള്ള വ്യവഹാരം അവൻ നടത്തും. നിന്റെ ഹൃദയം പ്രബോധനത്തിനും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്ക. ബാലനു ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകയില്ല. വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും. മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും. നിന്റെ അധരം നേർ സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും. നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്പോഴും യഹോവാഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.
സദൃശവാക്യങ്ങൾ 23 വായിക്കുക
കേൾക്കുക സദൃശവാക്യങ്ങൾ 23
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 23:1-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ