സദൃശവാക്യങ്ങൾ 21:1-16

സദൃശവാക്യങ്ങൾ 21:1-16 MALOVBSI

രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു. മനുഷ്യന്റെ വഴിയൊക്കെയും അവനു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു. നീതിയും ന്യായവും പ്രവർത്തിക്കുന്നത് യഹോവയ്ക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം. ഗർവമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ. ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്. കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവി ആകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു. ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു; ന്യായം ചെയ്യുവാൻ അവർക്കു മനസ്സില്ലല്ലോ. അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നെ. ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേല്പുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലത്. ദുഷ്ടന്റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു; അവന് കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല. പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായിത്തീരും; ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും. നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്‍ടി വയ്ക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു. എളിയവന്റെ നിലവിളിക്കു ചെവിപൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല. രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു. ന്യായം പ്രവർത്തിക്കുന്നതു നീതിമാനു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു. വിവേകമാർഗം വിട്ടു നടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.