സദൃശവാക്യങ്ങൾ 2:12-22

സദൃശവാക്യങ്ങൾ 2:12-22 MALOVBSI

അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരേയുള്ള പാത വിട്ടുകളകയും ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു. അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു. അത് നിന്നെ പരസ്ത്രീയുടെ കൈയിൽ നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും. അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ച് തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. അവളുടെ വീട് മരണത്തിലേക്കും അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു. അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല. അതുകൊണ്ട് നീ സജ്ജനത്തിന്റെ വഴിയിൽ നടന്ന് നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊൾക. നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.