സദൃശവാക്യങ്ങൾ 16:1-17

സദൃശവാക്യങ്ങൾ 16:1-17 MALOVBSI

ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു. മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും. യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർഥദിവസത്തിനായി ദുഷ്ടനെയും കൂടെ. ഗർവമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; അവനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാൻ കൈയടിക്കുന്നു. ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷത്തെ വിട്ടകലുന്നു. ഒരുത്തന്റെ വഴികൾ യഹോവയ്ക്ക് ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു. ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലത്. മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു. രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ട്; ന്യായവിധിയിൽ അവന്റെ വായ് പിഴയ്ക്കുന്നതുമില്ല. ഒത്ത വെള്ളിക്കോലും ത്രാസും യഹോവയ്ക്കുള്ളവ; സഞ്ചിയിലെ പടിയൊക്കെയും അവന്റെ പ്രവൃത്തിയാകുന്നു. ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കു വെറുപ്പ്; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നത്. നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു. രാജാവിന്റെ ക്രോധം മരണദൂതനു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും. രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; അവന്റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു. തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നത് എത്ര നല്ലത്! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം! ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.