സദൃശവാക്യങ്ങൾ 11:16-31

സദൃശവാക്യങ്ങൾ 11:16-31 MALOVBSI

ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു. ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു. ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും. നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു. വക്രബുദ്ധികൾ യഹോവയ്ക്കു വെറുപ്പ്; നിഷ്കളങ്കമാർഗികളോ അവനു പ്രസാദം. ദുഷ്ടനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാൻ കൈയടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ. നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ. ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ. ഔദാര്യമാനസൻ പുഷ്‍ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും. ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹം വരും; നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവനോ അതുതന്നെ കിട്ടും. തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴയ്ക്കും. സ്വഭവനത്തെ വലയ്ക്കുന്നവന്റെ അനുഭവം വായുവത്രേ; ഭോഷൻ ജ്ഞാനഹൃദയനു ദാസനായിത്തീരും. നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു. നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടനും പാപിക്കും എത്ര അധികം?