സംഖ്യാപുസ്തകം 30
30
1മോശെ യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടു പറഞ്ഞത്: യഹോവ കല്പിച്ചിരിക്കുന്ന കാര്യം എന്തെന്നാൽ: 2ആരെങ്കിലും യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ ഒരു പരിവർജനവ്രതം ദീക്ഷിപ്പാൻ ശപഥം ചെയ്കയോ ചെയ്താൽ അവൻ വാക്കിനു ഭംഗം വരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെയൊക്കെയും നിവർത്തിക്കേണം. 3ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവയ്ക്ക് ഒരു നേർച്ച നേർന്ന് 4ഒരു പരിവർജനവ്രതം നിശ്ചയിക്കയും അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജനവ്രതമൊക്കെയും സ്ഥിരമായിരിക്കും. 5എന്നാൽ അവളുടെ അപ്പൻ അവളുടെ എല്ലാ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജനവ്രതത്തെയും കുറിച്ചു കേൾക്കുന്ന നാളിൽ അവളോടു വിലക്കിയാൽ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പൻ അവളോടു വിലക്കുകകൊണ്ട് യഹോവ അവളോടു ക്ഷമിക്കും. 6അവൾക്ക് ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജനവ്രതമോ ഉള്ളപ്പോൾ 7അവൾ ഒരുത്തനു ഭാര്യയാകയും ഭർത്താവ് അതിനെക്കുറിച്ചു കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജനവ്രതവും സ്ഥിരമായിരിക്കും. 8എന്നാൽ ഭർത്താവ് അതു കേട്ടനാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജനവ്രതവും അവൻ ദുർബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും. 9വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേർച്ചയും പരിവർജനവ്രതവും എല്ലാം അവളുടെമേൽ സ്ഥിരമായിരിക്കും. 10അവൾ ഭർത്താവിന്റെ വീട്ടിൽ വച്ചു നേരുകയോ ഒരു പരിവർജനശപഥം ചെയ്കയോ ചെയ്തിട്ടു 11ഭർത്താവ് അതിനെക്കുറിച്ചു കേൾക്കുമ്പോൾ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാൽ അവളുടെ നേർച്ചകളൊക്കെയും അവൾ നിശ്ചയിച്ച പരിവർജനവ്രതവും എല്ലാം സ്ഥിരമായിരിക്കും. 12എന്നാൽ ഭർത്താവ് കേട്ടനാളിൽ അവയെ ദുർബലപ്പെടുത്തി എങ്കിൽ നേർച്ചകളോ പരിവർജനവ്രതമോ സംബന്ധിച്ച് അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭർത്താവ് അതിനെ ദുർബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും. 13ആത്മതപനം ചെയ്‍വാനുള്ള ഏതു നേർച്ചയും പരിവർജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബലപ്പെടുത്തുവാനോ ഭർത്താവിന് അധികാരം ഉണ്ട്. 14എന്നാൽ ഭർത്താവ് ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവൻ അവളുടെ എല്ലാ നേർച്ചയും അവൾ നിശ്ചയിച്ച സകല പരിവർജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ടനാളിൽ മിണ്ടാതിരിക്കകൊണ്ട് അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു. 15എന്നാൽ കേട്ടിട്ടു കുറെ കഴിഞ്ഞശേഷം അവയെ ദുർബലപ്പെടുത്തിയാൽ അവൻ അവളുടെ കുറ്റം വഹിക്കും. 16ഭാര്യാഭർത്താക്കന്മാർ തമ്മിലും അപ്പന്റെ വീട്ടിൽ കന്യകയായി പാർക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിനു യഹോവ മോശെയോടു കല്പിച്ച ചട്ടങ്ങൾ ഇവതന്നെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സംഖ്യാപുസ്തകം 30: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.