സംഖ്യാപുസ്തകം 29:1-11

സംഖ്യാപുസ്തകം 29:1-11 MALOVBSI

ഏഴാം മാസം ഒന്നാം തീയതി വിശുദ്ധ സഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുത്; അതു നിങ്ങൾക്കു കാഹളനാദോത്സവം ആകുന്നു. അന്നു നിങ്ങൾ യഹോവയ്ക്കു സൗരഭ്യവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം. അവയുടെ ഭോജനയാഗം എണ്ണ ചേർത്ത മാവ് കാളയ്ക്ക് ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന് ഇടങ്ങഴി രണ്ടും, ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന് ഇടങ്ങഴി ഓരോന്നും ആയിരിക്കേണം. നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം. അമാവാസിയിലെ ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും നാൾതോറുമുള്ള ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയ്ക്കു നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമേ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായിതന്നെ. ഏഴാം മാസം പത്താം തീയതി വിശുദ്ധ സഭായോഗം കൂടേണം; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുത്. എന്നാൽ യഹോവയ്ക്കു സുഗന്ധവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം. അവയുടെ ഭോജനയാഗം എണ്ണ ചേർത്ത മാവ് കാളയ്ക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന് ഇടങ്ങഴി രണ്ടും ഏഴു കുഞ്ഞാട്ടിൽ ഓരോന്നിനും ഇടങ്ങഴി ഓരോന്നും ആയിരിക്കേണം. പ്രായശ്ചിത്തയാഗത്തിനും നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.