സംഖ്യാപുസ്തകം 28:1-15

സംഖ്യാപുസ്തകം 28:1-15 MALOVBSI

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: എനിക്കു സൗരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാട് തക്കസമയത്ത് എനിക്ക് അർപ്പിക്കേണ്ടതിനു ജാഗ്രതയായിരിപ്പാൻ യിസ്രായേൽമക്കളോടു കല്പിക്കേണം. നീ അവരോടു പറയേണ്ടത്: നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാൽ: നാൾതോറും നിരന്തരഹോമയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാട്. ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം. ഇടിച്ചെടുത്ത എണ്ണ കാൽ ഹീൻ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായും അർപ്പിക്കേണം. ഇതു യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപർവതത്തിൽവച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം. അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിനു കാൽ ഹീൻ മദ്യം ആയിരിക്കേണം; അതു യഹോവയ്ക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കേണം. മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം. ശബ്ബത്തുനാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിനായി എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കേണം. നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമേ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം. നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവയ്ക്കു ഹോമയാഗത്തിനായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും കാള ഒന്നിനു ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റനു ഭോജനയാഗമായി എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവും കുഞ്ഞാടൊന്നിനു ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കേണം. അതു ഹോമയാഗം; യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗംതന്നെ. അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന് ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിനു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം. നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമേ പാപയാഗമായി യഹോവയ്ക്ക് ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കേണം.