യിസ്രായേൽ അഥാരീം വഴിയായി വരുന്നു എന്നു തെക്കേ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‍രാജാവ് കേട്ടപ്പോൾ അവൻ യിസ്രായേലിനോട് യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി. അപ്പോൾ യിസ്രായേൽ യഹോവയ്ക്ക് ഒരു നേർച്ച നേർന്നു; ഈ ജനത്തെ നീ എന്റെ കൈയിൽ ഏല്പിച്ചാൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു. യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിനു ഹോർമ്മാ എന്നു പേരായി. പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവതത്തിങ്കൽനിന്ന് ചെങ്കടൽ വഴിയായി യാത്ര പുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സ് ക്ഷീണിച്ചു. ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിനു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു. അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു. ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാർഥിച്ചു. യഹോവ മോശെയോട്: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു. അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ട് അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും.
സംഖ്യാപുസ്തകം 21 വായിക്കുക
കേൾക്കുക സംഖ്യാപുസ്തകം 21
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സംഖ്യാപുസ്തകം 21:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ