സംഖ്യാപുസ്തകം 17
17
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2യിസ്രായേൽമക്കളോടു സംസാരിച്ച് അവരുടെ പക്കൽനിന്നു ഗോത്രംഗോത്രമായി സകല ഗോത്രപ്രഭുക്കന്മാരോടും ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്റെ വടിമേൽ അവന്റെ പേർ എഴുതുക. 3ലേവിയുടെ വടിമേലോ അഹരോന്റെ പേർ എഴുതേണം; ഓരോ ഗോത്രത്തലവന് ഓരോ വടി ഉണ്ടായിരിക്കേണം. 4സമാഗമനകൂടാരത്തിൽ ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവയെ വയ്ക്കേണം. 5ഞാൻ തിരഞ്ഞെടുക്കുന്നവന്റെ വടി തളിർക്കും; ഇങ്ങനെ യിസ്രായേൽമക്കൾ നിങ്ങൾക്കു വിരോധമായി പിറുപിറുക്കുന്നതു ഞാൻ നിർത്തലാക്കും. 6മോശെ യിസ്രായേൽമക്കളോടു സംസാരിക്കയും അവരുടെ സകല പ്രഭുക്കന്മാരും ഗോത്രംഗോത്രമായി ഓരോ പ്രഭു ഓരോ വടിവീതം പന്ത്രണ്ടു വടി അവന്റെ പക്കൽ കൊടുക്കയും ചെയ്തു: വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു. 7മോശെ വടികളെ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വച്ചു. 8പിറ്റന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിനുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നതു കണ്ടു; അതു തളിർത്തു പൂത്തു ബദാംഫലം കായിച്ചിരുന്നു. 9മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്ന് എടുത്തു യിസ്രായേൽമക്കളുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു; അവർ ഓരോരുത്തൻ താന്താന്റെ വടി നോക്കിയെടുത്തു. 10യഹോവ മോശെയോട്: അഹരോന്റെ വടി മത്സരികൾക്ക് ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന് സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവർ മരിക്കാതിരിക്കേണ്ടതിന് എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിർത്തലാക്കും എന്നു കല്പിച്ചു. മോശെ അങ്ങനെതന്നെ ചെയ്തു: 11യഹോവ തന്നോടു കല്പിച്ചതുപോലെ അവൻ ചെയ്തു.
12അപ്പോൾ യിസ്രായേൽമക്കൾ മോശെയോട്: ഇതാ, ഞങ്ങൾ ചത്തൊടുങ്ങുന്നു; ഞങ്ങൾ നശിക്കുന്നു; ഞങ്ങൾ എല്ലാവരും നശിക്കുന്നു. 13യഹോവയുടെ തിരുനിവാസത്തോട് അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങളൊക്കെയും ചത്തൊടുങ്ങേണമോ എന്നു പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സംഖ്യാപുസ്തകം 17: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.