നെഹെമ്യാവ് 12:31-43

നെഹെമ്യാവ് 12:31-43 MALOVBSI

പിന്നെ ഞാൻ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേൽ കൊണ്ടുപോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിനു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയിൽ ഒന്നു മതിലിന്മേൽ വലത്തു ഭാഗത്തുകൂടി കുപ്പവാതിൽക്കലേക്കു പുറപ്പെട്ടു. അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദാപ്രഭുക്കന്മാരിൽ പാതിപേരും നടന്നു. അസര്യാവും എസ്രായും മെശുല്ലാമും യെഹൂദായും ബെന്യാമീനും ശെമയ്യാവും യിരെമ്യാവും കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരിൽ ചിലരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും ദൈവപുരുഷനായ ദാവീദിന്റെ വാദ്യങ്ങളോടുകൂടെ അവന്റെ സഹോദരന്മാരായ ശെമയ്യാവും അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദായും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പിൽ നടന്നു. അവർ ഉറവുവാതിൽ കടന്നു നേരേ ദാവീദിന്റെ നഗരത്തിന്റെ പടിക്കെട്ടിൽകൂടി ദാവീദിന്റെ അരമനയ്ക്കപ്പുറം മതിലിന്റെ കയറ്റത്തിൽ കിഴക്കു നീർവാതിൽവരെ ചെന്നു. സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവർക്ക് എതിരേ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തിൽ പാതിയും മതിലിന്മേൽ ചൂളഗോപുരത്തിന് അപ്പുറം വിശാലമതിൽവരെയും എഫ്രയീംവാതിലിനപ്പുറം പഴയവാതിലും മീൻവാതിലും ഹനനേലിന്റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്ന് ആട്ടുവാതിൽവരെയും ചെന്നു; അവർ കാരാഗൃഹവാതിൽക്കൽ നിന്നു. അങ്ങനെ സ്തോത്രഗാനക്കാരുടെ കൂട്ടം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളിൽ പാതിപേരും നിന്നു. കാഹളങ്ങളോടുകൂടെ എല്യാക്കീം, മയസേയാവ്, മിന്യാമീൻ, മീഖായാവ്, എല്യോവേനായി, സെഖര്യാവ്, ഹനന്യാവ് എന്ന പുരോഹിതന്മാരും മയസേയാവ്, ശെമയ്യാവ്, എലെയാസാർ, ഉസ്സി, യെഹോഹാനാൻ, മല്ക്കീയാവ്, ഏലാം, ഏസെർ എന്നിവരും ദൈവാലയത്തിനരികെ വന്നുനിന്നു; സംഗീതക്കാർ ഉച്ചത്തിൽ പാട്ടുപാടി; യിസ്രഹ്യാവ് അവരുടെ പ്രമാണിയായിരുന്നു. അവർ അന്നു മഹായാഗങ്ങൾ അർപ്പിച്ചു സന്തോഷിച്ചു; ദൈവം അവർക്കു മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും പൈതങ്ങളുംകൂടെ സന്തോഷിച്ചു; അതുകൊണ്ടു യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.