നെഹെമ്യാവ് 1:1-10

നെഹെമ്യാവ് 1:1-10 MALOVBSI

ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ ചരിത്രം. ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാൻ ശൂശൻരാജധാനിയിൽ ഇരിക്കുമ്പോൾ എന്റെ സഹോദരന്മാരിൽ ഒരുത്തനായ, ഹനാനിയും യെഹൂദായിൽനിന്നു ചില പുരുഷന്മാരും വന്നു; ഞാൻ അവരോടു പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു. അതിന് അവർ എന്നോട്: പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ ശേഷിപ്പ് അവിടെ ആ സംസ്ഥാനത്ത് മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവച്ച് ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു. ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; കുറെ നാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വർഗത്തിലെ ദൈവത്തോടു ഞാൻ പ്രാർഥിച്ചു പറഞ്ഞതെന്തെന്നാൽ: സ്വർഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ, നിന്റെ ദാസന്മാരായ യിസ്രായേൽമക്കൾക്കുവേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാർഥിക്കയും യിസ്രായേൽമക്കളായ ഞങ്ങൾ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാർഥന കേൾക്കേണ്ടതിനു നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു. ഞങ്ങൾ നിന്നോട് ഏറ്റവും വഷളത്തമായി പ്രവർത്തിച്ചിരിക്കുന്നു; നിന്റെ ദാസനായ മോശെയോടു നീ കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല. നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിന്നിച്ചുകളയും; എന്നാൽ നിങ്ങൾ എങ്കലേക്കു തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാൽ, നിങ്ങളുടെ ഭ്രഷ്ടന്മാർ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാൻ അവിടെനിന്ന് അവരെ ശേഖരിച്ച്, എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഓർക്കേണമേ. അവർ നിന്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്റെ ദാസന്മാരും നിന്റെ ജനവുമല്ലോ.