മർക്കൊസ് 8:1-10

മർക്കൊസ് 8:1-10 MALOVBSI

ആ ദിവസങ്ങളിൽ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ട് എനിക്ക് അവരോട് അലിവു തോന്നുന്നു; ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാൽ അവർ വഴിയിൽവച്ചു തളർന്നുപോകും; അവരിൽ ചിലർ ദൂരത്തുനിന്നു വന്നവരല്ലോ എന്നു പറഞ്ഞു. അതിന് അവന്റെ ശിഷ്യന്മാർ: ഇവർക്ക് ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോട്: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട് എന്നു ചോദിച്ചു. ഏഴ് എന്ന് അവർ പറഞ്ഞു. അവൻ പുരുഷാരത്തോടു നിലത്ത് ഇരിപ്പാൻ കല്പിച്ചു.; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി. ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ട്, വിളമ്പുവാൻ പറഞ്ഞു. അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു. അവർ ഏകദേശം നാലായിരം പേർ ആയിരുന്നു. അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടുകൂടെ പടകു കയറി ദല്മനൂഥ അംശങ്ങളിൽ എത്തി.