മർക്കൊസ് 6:30-56

മർക്കൊസ് 6:30-56 MALOVBSI

പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു ഭക്ഷിപ്പാൻപോലും സമയം ഇല്ലായ്കകൊണ്ട് അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു. അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്തസ്ഥലത്തു വേറിട്ടുപോയി. അവർ പോകുന്നതു പലരും കണ്ട് അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽനിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്കു മുമ്പേ എത്തി. അവൻ പടകിൽനിന്ന് ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി. പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിർജനപ്രദേശം അല്ലോ; നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന് അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. അവൻ അവരോടു: നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിനു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന് അപ്പം കൊണ്ടിട്ട് അവർക്കു തിന്മാൻ കൊടുക്കയോ എന്ന് അവനോടു പറഞ്ഞു. അവൻ അവരോട്: നിങ്ങൾക്ക് എത്ര അപ്പം ഉണ്ട്? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കീട്ടു: അഞ്ച്, രണ്ടു മീനും ഉണ്ട് എന്നു പറഞ്ഞു. പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു. അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു. അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വർഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി. കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു. താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദയ്ക്കു നേരേ മുന്നോടുവാൻ നിർബന്ധിച്ചു. അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർഥിപ്പാൻ മലയിൽ പോയി. വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു. കാറ്റു പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ചു വലയുന്നത് അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു. അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്ന് അവർ നിരൂപിച്ചു നിലവിളിച്ചു. എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിൻ; ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റ് അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു. അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല. അവർ അക്കരെ എത്തി ഗെന്നേസരെത്ത് ദേശത്ത് അണഞ്ഞു. അവർ പടകിൽനിന്ന് ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു. ആ നാട്ടിലൊക്കെയും ചുറ്റി ഓടി, അവൻ ഉണ്ട് എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടു വന്നുതുടങ്ങി. ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നേടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കയും അവനെ തൊട്ടവർക്ക് ഒക്കെയും സൗഖ്യം വരികയും ചെയ്തു.