മർക്കൊസ് 6:1-13

മർക്കൊസ് 6:1-13 MALOVBSI

അവൻ അവിടെനിന്നു പുറപ്പെട്ട്, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു. ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന് ഇവ എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കൈയാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്? ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ എന്നു പറഞ്ഞ് അവങ്കൽ ഇടറിപ്പോയി. യേശു അവരോട്: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. ഏതാനും ചിലരോഗികളുടെമേൽ കൈ വച്ചു സൗഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ കഴിഞ്ഞില്ല. അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചുപോന്നു. അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചുതുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെമേൽ അധികാരം കൊടുത്തു. അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുത്; ചെരിപ്പ് ഇട്ടുകൊള്ളാം; രണ്ടു വസ്ത്രം ധരിക്കരുത് എന്നിങ്ങനെ അവരോടു കല്പിച്ചു. നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽത്തന്നെ പാർപ്പിൻ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിനായി കുടഞ്ഞുകളവിൻ എന്നും അവരോടു പറഞ്ഞു. അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു; വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്ക് എണ്ണ തേച്ചു സൗഖ്യം വരുത്തുകയും ചെയ്തു.