മർക്കൊസ് 4:1-11

മർക്കൊസ് 4:1-11 MALOVBSI

അവൻ പിന്നെയും കടല്ക്കരെവച്ച് ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ട് അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു. അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തിൽ അവരോടു പറഞ്ഞത്: കേൾപ്പിൻ; വിതയ്ക്കുന്നവൻ വിതപ്പാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്ന് അതു തിന്നുകളഞ്ഞു. മറ്റു ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിനു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ട് ഉണങ്ങിപ്പോയി. മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളു മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല. മറ്റു ചിലതു നല്ല മണ്ണിൽ വീണിട്ടു മുളച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു. അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു. അവരോട് അവൻ പറഞ്ഞത്: ദൈവരാജ്യത്തിന്റെ മർമം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.