മർക്കൊസ് 2:1-17

മർക്കൊസ് 2:1-17 MALOVBSI

ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫർന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി. ഉടനെ വാതില്ക്കൽപോലും ഇടമില്ലാതവണ്ണം പലരും വന്നുകൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു. അപ്പോൾ നാലാൾ ഒരു പക്ഷവാതക്കാരനെ ചുമന്ന് അവന്റെ അടുക്കൽ കൊണ്ടുവന്നു. പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചുതുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കിവച്ചു. യേശു അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷവാതക്കാരനോട്: മകനേ, നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. അവിടെ ചില ശാസ്ത്രിമാർ ഇരുന്നു: ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നത് എന്ത്? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ച് അവരോട്: നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നത് എന്ത്? പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്- അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്ത് എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ട് എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി. അവൻ പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു. പിന്നെ അവൻ കടന്നുപോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു. അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടുംകൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു. അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ട് അവന്റെ ശിഷ്യന്മാരോട്: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു ചോദിച്ചു. യേശു അതുകേട്ട് അവരോട്: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നത് എന്നു പറഞ്ഞു.