മർക്കൊസ് 15:27-47

മർക്കൊസ് 15:27-47 MALOVBSI

അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. [അധർമികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.] കടന്നുപോകുന്നവർ തല കുലുക്കിക്കൊണ്ട്: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിച്ചു ക്രൂശിൽനിന്ന് ഇറങ്ങിവാ എന്നു പറഞ്ഞ് അവനെ ദുഷിച്ചു. അങ്ങനെ തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയാ. നാം കണ്ടു വിശ്വസിക്കേണ്ടതിനു ക്രിസ്തു എന്ന യിസ്രായേൽരാജാവ് ഇപ്പോൾ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചുപറഞ്ഞു. ആറാം മണി നേരമായപ്പോൾ ഒമ്പതാം മണി നേരത്തോളം ദേശത്ത് എല്ലാം ഇരുട്ട് ഉണ്ടായി. ഒമ്പതാംമണി നേരത്ത് യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്ന് അർഥമുള്ള എലോഹീ, എലോഹീ, ലമ്മാ ശബ്ബക്താനീ എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. അരികെ നിന്നവരിൽ ചിലർ കേട്ടിട്ട്: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. ഒരുത്തൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ച വീഞ്ഞു നിറച്ച് ഒരു ഓടക്കോലിന്മേലാക്കി: നില്പിൻ; ഏലീയാവ് അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞ് അവനു കുടിപ്പാൻ കൊടുത്തു. യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി. അവന് എതിരേ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമയും ഉണ്ടായിരുന്നു. അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു. വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലേനാളായ ഒരുക്കനാൾ ആകകൊണ്ടു ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമഥ്യയിലെ യോസേഫ് വന്നു ധൈര്യത്തോടെ പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു. അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവൻ മരിച്ചിട്ട് ഒട്ടുനേരമായോ എന്ന് ശതാധിപനോട് വസ്തുത ചോദിച്ചറിഞ്ഞിട്ട് ഉടൽ യോസേഫിനു നല്കി. അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞ്, പാറയിൽ വെട്ടിയിട്ടുള്ള കല്ലറയിൽ വച്ചു; കല്ലറവാതിൽക്കൽ ഒരു കല്ല് ഉരുട്ടിവച്ചു. അവനെ വച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.