ഉടനെ അതികാലത്തുതന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘമൊക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടിക്കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു. പീലാത്തൊസ് അവനോട്: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്: ഞാൻ ആകുന്നു എന്ന് അവൻ ഉത്തരം പറഞ്ഞു. മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി. പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു. യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചര്യപ്പെട്ടു. അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്ക പതിവായിരുന്നു. എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു. പുരുഷാരം കയറിവന്നു, അവൻ പതിവുപോലെ ചെയ്യേണം എന്ന് അപേക്ഷിച്ചുതുടങ്ങി. മഹാപുരോഹിതന്മാർ അസൂയകൊണ്ട് അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ട് അവരോട്: യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരേണം എന്ന് ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു. എന്നാൽ അവൻ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിനു ചോദിപ്പാൻ മഹാപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പീലാത്തൊസ് പിന്നെയും അവരോട്: എന്നാൽ യെഹൂദന്മാരുടെ രാജാവ് എന്നു നിങ്ങൾ പറയുന്നവനെ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. അവനെ ക്രൂശിക്ക എന്ന് അവർ വീണ്ടും നിലവിളിച്ചു. പീലാത്തൊസ് അവരോട്: അവൻ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്ന് അവർ അധികമായി നിലവിളിച്ചു. പീലാത്തൊസ് പുരുഷാരത്തിനു തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു. പടയാളികൾ അവനെ ആസ്ഥാനമായ മണ്ഡപത്തിനകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി. അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവനെ ചൂടിച്ചു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു വന്ദിച്ചു. കോൽകൊണ്ട് അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു. അങ്ങനെ അവനെ പരിഹസിച്ചശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ച് അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി. അലെക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽനിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു. തലയോടിടം എന്നർഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്ക് അവനെ കൊണ്ടുപോയി; കണ്ടിവെണ്ണ കലർത്തിയ വീഞ്ഞ് അവനു കൊടുത്തു; അവനോ വാങ്ങിയില്ല. അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന് ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതിചെയ്തു. മൂന്നാംമണി നേരമായപ്പോൾ അവനെ ക്രൂശിച്ചു. യെഹൂദന്മാരുടെ രാജാവ് എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു.
മർക്കൊസ് 15 വായിക്കുക
കേൾക്കുക മർക്കൊസ് 15
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊസ് 15:1-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ