സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടുംകൂടെ വന്നു. അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നെ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ദുഃഖിച്ചു, ഓരോരുത്തൻ: ഞാനോ, ഞാനോ എന്ന് അവനോടു ചോദിച്ചുതുടങ്ങി. അവൻ അവരോട്: പന്തിരുവരിൽ ഒരുവൻ; എന്നോടു കൂടെ താലത്തിൽ കൈ മുക്കുന്നവൻ തന്നെ. മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ തന്നെ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു കൊള്ളായിരുന്നു എന്നു പറഞ്ഞു. അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: വാങ്ങുവിൻ; ഇത് എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്ത് സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു. ഇത് അനേകർക്കുവേണ്ടി ചൊരിയുന്നതായി നിയമത്തിനുള്ള എന്റെ രക്തം. മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അത് ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് അവരോടു പറഞ്ഞു. പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലിവ്മലയ്ക്കു പോയി. യേശു അവരോട്: നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പേ ഗലീലയ്ക്കു പോകും എന്നു പറഞ്ഞു. പത്രൊസ് അവനോട്: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു. യേശു അവനോട്: ഇന്ന്, ഈ രാത്രിയിൽ തന്നെ, കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു. അവനോ: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്ന് അധികമായി പറഞ്ഞു; അങ്ങനെ തന്നെ എല്ലാവരും പറഞ്ഞു. അവർ ഗെത്ത്ശെമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോട്: ഞാൻ പ്രാർഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്ത് ഉണർന്നിരിപ്പിൻ എന്ന് അവരോടു പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു; കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർഥിച്ചു: അബ്ബാ, പിതാവേ, നിനക്ക് എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. പിന്നെ അവൻ വന്ന് അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോട്: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർഥിപ്പിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർഥിച്ചു. മടങ്ങി വന്നാറെ അവരുടെ കണ്ണുകൾക്ക് ഭാരമേറിയിരുന്നതുകൊണ്ട് അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോട് എന്ത് ഉത്തരം പറയേണം എന്ന് അറിഞ്ഞില്ല. അവൻ മൂന്നാമതു വന്ന് അവരോട്: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏല്പിക്കപ്പെടുന്നു. എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
മർക്കൊസ് 14 വായിക്കുക
കേൾക്കുക മർക്കൊസ് 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊസ് 14:17-42
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ