പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ: ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ, ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചുപോയി. രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെതന്നെ. എഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവനു ഭാര്യയാകും? എഴുവർക്കും ഭാര്യ ആയിരുന്നുവല്ലോ. യേശു അവരോടു പറഞ്ഞത്: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നത്? മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; സ്വർഗത്തിലെ ദൂതന്മാരെപ്പോലെയാകും. എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ, മുൾപ്പടർപ്പുഭാഗത്തു ദൈവം അവനോട്: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്ന് അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ? അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു. ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്ന് അവർ തമ്മിൽ തർക്കിക്കുന്നതു കേട്ട് അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ട്: എല്ലാറ്റിലും മുഖ്യകല്പന ഏത് എന്ന് അവനോടു ചോദിച്ചു. അതിന് യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: 'യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കേണം' എന്ന് ആകുന്നു. രണ്ടാമത്തേതോ: 'കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം' എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്ന് ഉത്തരം പറഞ്ഞു. ശാസ്ത്രി അവനോട്: നന്ന്, ഗുരോ, നീ പറഞ്ഞതു സത്യംതന്നെ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. അവനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നെ എന്നു പറഞ്ഞു. അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്ന് യേശു കണ്ടിട്ട്: നീ ദൈവരാജ്യത്തോട് അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെശേഷം അവനോട് ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല. യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയത്: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നത് എങ്ങനെ? “കർത്താവ് എന്റെ കർത്താവിനോട്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്ന് അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു. ദാവീദ് തന്നെ അവനെ കർത്താവ് എന്നു പറയുന്നുവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്ക് സന്തോഷത്തോടെ കേട്ടുപോന്നു.
മർക്കൊസ് 12 വായിക്കുക
കേൾക്കുക മർക്കൊസ് 12
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊസ് 12:18-37
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ