അവൻ പടകിൽ കയറി ഇക്കരയ്ക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി. അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോട്: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്ന് ഉള്ളംകൊണ്ടു പറഞ്ഞു. യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ച്: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നത് എന്ത്? നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്- അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ്, കിടക്ക എടുത്തു വീട്ടിൽ പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് വീട്ടിൽ പോയി. പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി. യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്ന് അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു. അവൻ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടുംകൂടെ പന്തിയിൽ ഇരുന്നു. പരീശന്മാർ അതു കണ്ട് അവന്റെ ശിഷ്യന്മാരോട്: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു. യേശു അതു കേട്ടാറെ: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല. യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നത് എന്നു പറഞ്ഞു. യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത് എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞത്: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്ക് ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്ന് അവർ ഉപവസിക്കും. കോടിത്തുണിക്കണ്ടം ആരും പഴയവസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായിത്തീരും. പുതുവീഞ്ഞ് പഴയതുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയതുരുത്തിയിലേ പകർന്നു വയ്ക്കയുള്ളൂ; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.
മത്തായി 9 വായിക്കുക
കേൾക്കുക മത്തായി 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 9:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ