മത്തായി 9:1-13

മത്തായി 9:1-13 MALOVBSI

അവൻ പടകിൽ കയറി ഇക്കരയ്ക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി. അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോട്: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്ന് ഉള്ളംകൊണ്ടു പറഞ്ഞു. യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ച്: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നത് എന്ത്? നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്- അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ്, കിടക്ക എടുത്തു വീട്ടിൽ പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് വീട്ടിൽ പോയി. പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി. യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്ന് അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു. അവൻ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടുംകൂടെ പന്തിയിൽ ഇരുന്നു. പരീശന്മാർ അതു കണ്ട് അവന്റെ ശിഷ്യന്മാരോട്: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു. യേശു അതു കേട്ടാറെ: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല. യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നത് എന്നു പറഞ്ഞു.