മത്തായി 8:23-34

മത്തായി 8:23-34 MALOVBSI

അവൻ ഒരു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു. പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടക് തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു. അവർ അടുത്തു ചെന്നു: കർത്താവേ, രക്ഷിക്കേണമേ: ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണർത്തി. അവൻ അവരോട്: അല്പവിശ്വാസികളേ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്ത് എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി. എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലുംകൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവൻ അക്കരെ ഗദരേനരുടെ ദേശത്ത് എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽനിന്നു പുറപ്പെട്ട് അവന് എതിരേ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ട് ആർക്കും ആ വഴി നടന്നുകൂടാഞ്ഞു. അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? സമയത്തിനു മുമ്പേ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു. അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങൾ അവനോട്: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കേണം എന്ന് അപേക്ഷിച്ചു. പൊയ്ക്കൊൾവിൻ എന്ന് അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞ് വെള്ളത്തിൽ മുങ്ങി ചത്തു. മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്ന് സകലവും ഭൂതഗ്രസ്തരുടെ വസ്തുതയും അറിയിച്ചു. ഉടനെ പട്ടണം എല്ലാം പുറപ്പെട്ട് യേശുവിന് എതിരേ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടുപോകേണമെന്ന് അപേക്ഷിച്ചു.