അവൻ മലയിൽനിന്ന് ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു. അപ്പോൾ ഒരു കുഷ്ഠരോഗി വന്ന് അവനെ നമസ്കരിച്ച് കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു. അവൻ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ട്; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി. യേശു അവനോട്: നോക്കൂ, ആരോടും പറയരുത്; അവർക്കു സാക്ഷ്യത്തിനായി നീ ചെന്നു നിന്നെത്തന്നെ പുരോഹിതനു കാണിച്ച്, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു. അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്ന് അവനോട്: കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്ന് അപേക്ഷിച്ചു പറഞ്ഞു. അവൻ അവനോട്: ഞാൻ വന്ന് അവനെ സൗഖ്യമാക്കും എന്നു പറഞ്ഞു. അതിനു ശതാധിപൻ: കർത്താവേ, നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കു മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. ഞാനും അധികാരത്തിൻകീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ട്; ഞാൻ ഒരുവനോട്: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോട്: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്ന് ഉത്തരം പറഞ്ഞു. അതു കേട്ടിട്ട് യേശു അതിശയിച്ചു, പിൻചെല്ലുന്നവരോടു പറഞ്ഞത്: യിസ്രായേലിൽക്കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ പന്തിക്കിരിക്കും. രാജ്യത്തിന്റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയിൽതന്നെ അവന്റെ ബാല്യക്കാരനു സൗഖ്യം വന്നു. യേശു പത്രൊസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവൻ അവളുടെ കൈ തൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റ് അവർക്ക് ശുശ്രൂഷ ചെയ്തു. വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൗഖ്യം വരുത്തി. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു, വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നെ. എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരയ്ക്കു പോകുവാൻ കല്പിച്ചു. അന്ന് ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. യേശു അവനോട്: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാൻ ഇടമില്ല എന്നു പറഞ്ഞു. ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോട്: കർത്താവേ, ഞാൻ മുമ്പേ പോയി എന്റെ അപ്പനെ അടക്കം ചെയ്‍വാൻ അനുവാദം തരേണം എന്നു പറഞ്ഞു. യേശു അവനോട്: നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു.
മത്തായി 8 വായിക്കുക
കേൾക്കുക മത്തായി 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 8:1-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ