മത്തായി 27:51-66

മത്തായി 27:51-66 MALOVBSI

അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റ് അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ട്: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞ് ഏറ്റവും ഭയപ്പെട്ടു. ഗലീലയിൽനിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ട് അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു. അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു. സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്ന്, പീലാത്തൊസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു; പീലാത്തൊസ് അത് ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു. യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞ്, താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടു പോയി. കല്ലറയ്ക്ക് എതിരേ മഗ്ദലക്കാരത്തി മറിയയും മറ്റേ മറിയയും ഇരുന്നിരുന്നു. ഒരുക്കനാളിന്റെ പിറ്റേ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി: യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നു നാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്ക് ഓർമ വന്നു. അതുകൊണ്ട് അവന്റെ ശിഷ്യന്മാർ ചെന്ന് അവനെ മോഷ്ടിച്ചിട്ട്, അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിനു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു. പീലാത്തൊസ് അവരോട്: കാവല്ക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നേടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു. അവർ ചെന്നു കല്ലിനു മുദ്രവച്ചു കാവല്ക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.