യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്ത് അവനെ കൊണ്ടുപോയി. എന്നാൽ പത്രൊസ് ദൂരവേ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്ന്, അകത്തു കടന്ന് അവസാനം കാൺമാൻ സേവകന്മാരോടുകൂടി ഇരുന്നു. മഹാപുരോഹിതന്മാരും ന്യായാധിപസംഘമൊക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്റെ നേരേ കള്ളസ്സാക്ഷ്യം അന്വേഷിച്ചു; കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല. ഒടുവിൽ രണ്ടുപേർ വന്ന്: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്ന് ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു. മഹാപുരോഹിതൻ എഴുന്നേറ്റ് അവനോട്: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്നു ചോദിച്ചു. യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോട് ആണയിട്ട് ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോട്: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്ക് എന്ത് ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ; നിങ്ങൾക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചതിന്: അവൻ മരണയോഗ്യൻ എന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടി ചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു: ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയത് ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു. എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്ത് ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടു കൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു. അതിന് അവൻ: നീ പറയുന്നത് എനിക്കു തിരിയുന്നില്ല എന്ന് എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ട് അവിടെ ഉള്ളവരോട്: ഇവനും നസറായനായ യേശുവിനോടുകൂടെയായിരുന്നു എന്നു പറഞ്ഞു. ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന് അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു. അല്പനേരം കഴിഞ്ഞിട്ട് അവിടെ നിന്നവർ അടുത്തു വന്നു പത്രൊസിനോട്: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി. എന്നാറെ: കോഴി കൂകുമ്മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.
മത്തായി 26 വായിക്കുക
കേൾക്കുക മത്തായി 26
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 26:57-75
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ