ആ നാഴികയിൽ യേശു പുരുഷാരത്തോട്: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ ഇതൊക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിനു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി. യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്ത് അവനെ കൊണ്ടുപോയി. എന്നാൽ പത്രൊസ് ദൂരവേ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്ന്, അകത്തു കടന്ന് അവസാനം കാൺമാൻ സേവകന്മാരോടുകൂടി ഇരുന്നു. മഹാപുരോഹിതന്മാരും ന്യായാധിപസംഘമൊക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്റെ നേരേ കള്ളസ്സാക്ഷ്യം അന്വേഷിച്ചു; കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല. ഒടുവിൽ രണ്ടുപേർ വന്ന്: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്ന് ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു. മഹാപുരോഹിതൻ എഴുന്നേറ്റ് അവനോട്: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്നു ചോദിച്ചു. യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോട് ആണയിട്ട് ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോട്: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്ക് എന്ത് ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ; നിങ്ങൾക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചതിന്: അവൻ മരണയോഗ്യൻ എന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടി ചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു: ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയത് ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു. എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്ത് ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടു കൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു. അതിന് അവൻ: നീ പറയുന്നത് എനിക്കു തിരിയുന്നില്ല എന്ന് എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ട് അവിടെ ഉള്ളവരോട്: ഇവനും നസറായനായ യേശുവിനോടുകൂടെയായിരുന്നു എന്നു പറഞ്ഞു. ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന് അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു. അല്പനേരം കഴിഞ്ഞിട്ട് അവിടെ നിന്നവർ അടുത്തു വന്നു പത്രൊസിനോട്: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി. എന്നാറെ: കോഴി കൂകുമ്മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.
മത്തായി 26 വായിക്കുക
കേൾക്കുക മത്തായി 26
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 26:55-75
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ