അവൻ സംസാരിക്കുമ്പോൾ തന്നെ പന്തിരുവരിൽ ഒരുത്തനായ യൂദായും അവനോടുകൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു. അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻതന്നെ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്ന് അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞ് അവനെ ചുംബിച്ചു. യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വച്ച് അവനെ പിടിച്ചു. അപ്പോൾ യേശുവിനോടുകൂടെ ഉള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തു. യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരൊക്കെയും വാളാൽ നശിച്ചുപോകും. എന്റെ പിതാവിനോട് ഇപ്പോൾതന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന് എനിക്ക് അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്ക് എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു. ആ നാഴികയിൽ യേശു പുരുഷാരത്തോട്: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ ഇതൊക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിനു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി. യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്ത് അവനെ കൊണ്ടുപോയി. എന്നാൽ പത്രൊസ് ദൂരവേ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്ന്, അകത്തു കടന്ന് അവസാനം കാൺമാൻ സേവകന്മാരോടുകൂടി ഇരുന്നു. മഹാപുരോഹിതന്മാരും ന്യായാധിപസംഘമൊക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്റെ നേരേ കള്ളസ്സാക്ഷ്യം അന്വേഷിച്ചു; കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല. ഒടുവിൽ രണ്ടുപേർ വന്ന്: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്ന് ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു. മഹാപുരോഹിതൻ എഴുന്നേറ്റ് അവനോട്: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്നു ചോദിച്ചു. യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോട് ആണയിട്ട് ചോദിക്കുന്നു എന്നു പറഞ്ഞു.
മത്തായി 26 വായിക്കുക
കേൾക്കുക മത്തായി 26
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 26:47-63
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ