ഒരുവന് അഞ്ചു താലന്ത്, ഒരുവനു രണ്ട്, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറേ അഞ്ചു താലന്തു സമ്പാദിച്ചു. അങ്ങനെതന്നെ രണ്ടു താലന്തു ലഭിച്ചവൻ വേറേ രണ്ടു നേടി. ഒന്നു ലഭിച്ചവനോ പോയി നിലത്ത് ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറച്ചുവച്ചു. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്ന് അവരുമായി കണക്കു തീർത്തു. അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു, വേറേ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിന് യജമാനൻ: നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു. രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിനു യജമാനൻ നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു. ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറച്ചുവച്ചു; നിൻറേത് ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു. അതിനു യജമാനൻ ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ. നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്ന് എൻറേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു. ആ താലന്ത് അവന്റെ പക്കൽനിന്ന് എടുത്തു പത്തു താലന്ത് ഉള്ളവനു കൊടുപ്പിൻ. അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവനു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
മത്തായി 25 വായിക്കുക
കേൾക്കുക മത്തായി 25
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 25:15-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ