മത്തായി 25:1-13

മത്തായി 25:1-13 MALOVBSI

സ്വർഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്ക് എടുത്തുംകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും. അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു. ബുദ്ധിയില്ലാത്തവർ വിളക്ക് എടുത്തപ്പോൾ എണ്ണ എടുത്തില്ല. ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു. പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ച് ഉറങ്ങി. അർധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്ന് ആർപ്പുവിളി ഉണ്ടായി. അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു. എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോട്: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതുകൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു. ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്ന് ഉത്തരം പറഞ്ഞു. അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യക്കു ചെന്നു; വാതിൽ അടയ്ക്കയും ചെയ്തു. അതിന്റെ ശേഷം മറ്റേ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു. അതിന് അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ട് ഉണർന്നിരിപ്പിൻ.