ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകല ഗോത്രങ്ങളും പ്രലപിച്ചുംകൊണ്ട്, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും. അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയയ്ക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും. അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതൊക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതില്ക്കൽതന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവ് മാത്രമല്ലാതെ ആരും സ്വർഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. നോഹയുടെ കാലംപോലെതന്നെ മനുഷ്യപുത്രന്റെ വരവും ആകും. ജലപ്രളയത്തിനു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു; ജലപ്രളയം വന്ന് എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെതന്നെ ആകും. അന്നു രണ്ടു പേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും. രണ്ടു പേർ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും. നിങ്ങളുടെ കർത്താവ് ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ട് ഉണർന്നിരിപ്പിൻ. കള്ളൻ വരുന്ന യാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീട് തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്ന് അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ നിനയ്ക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന് അവരുടെമേൽ ആക്കിവച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവയ്ക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു, കൂട്ടുദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്ന് അവനെ ദണ്ഡിപ്പിച്ച് അവനു കപടഭക്തിക്കാരോടുകൂടെ പങ്കു കല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
മത്തായി 24 വായിക്കുക
കേൾക്കുക മത്തായി 24
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 24:29-51
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ