മത്തായി 24:1-14

മത്തായി 24:1-14 MALOVBSI

യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അവനു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന് അവന്റെ അടുക്കൽ വന്നു. അവൻ അവരോട്: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അവന്റെ അടുക്കൽ വന്നു: അത് എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു. അതിനു യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞ് അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയുംകുറിച്ചു കേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതുതന്നെ; എന്നാൽ അത് അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇത് ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ. അന്ന് അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകല ജാതികളും നിങ്ങളെ പകയ്ക്കും. പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകയ്ക്കയും ചെയ്യും. കള്ളപ്രവാചകന്മാർ പലരും വന്ന് അനേകരെ തെറ്റിക്കും. അധർമം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും. എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും. രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.