മത്തായി 23:1-12

മത്തായി 23:1-12 MALOVBSI

അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞത്: ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു. ആകയാൽ അവർ നിങ്ങളോടു പറയുന്നതൊക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതുതാനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വയ്ക്കുന്നു; ഒരു വിരൽകൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല. അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിനത്രേ ചെയ്യുന്നത്; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു. അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗസ്ഥൻ തന്നെ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുത്; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.