മത്തായി 22:34-46

മത്തായി 22:34-46 MALOVBSI

സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചുകൂടി, അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു: ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയത് എന്നു ചോദിച്ചു. യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോട്: ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്ന് അവർ പറഞ്ഞു. അവൻ അവരോട്: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്നു വിളിക്കുന്നത് എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു” എന്ന് അവൻ പറയുന്നുവല്ലോ. ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു. അവനോട് ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോട് ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല.