മത്തായി 22

22
1യേശു പിന്നെയും അവരോട് ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: 2സ്വർഗരാജ്യം തന്റെ പുത്രനുവേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം. 3അവൻ കല്യാണത്തിനു ക്ഷണിച്ചവരെ വിളിക്കേണ്ടതിനു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. 4പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിച്ച മൃഗങ്ങളെയും അറുത്ത്, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിനു വരുവിൻ എന്നു ക്ഷണിച്ചവരോടു പറയിച്ചു. 5അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. 6ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു. 7രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കൊലപാതകന്മാരെ മുടിച്ച് അവരുടെ പട്ടണം ചുട്ടുകളഞ്ഞു. 8പിന്നെ അവൻ ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. 9ആകയാൽ വഴിത്തലയ്ക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിനു വിളിപ്പിൻ എന്നു പറഞ്ഞു. 10ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടു വന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു. 11വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: 12സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവനു വാക്കു മുട്ടിപ്പോയി. 13രാജാവ് ശുശ്രൂഷക്കാരോട്: ഇവനെ കൈയും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. 14വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.
15അനന്തരം പരീശന്മാർ ചെന്ന് അവനെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ടു 16തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടുകൂടെ അവന്റെ അടുക്കൽ അയച്ചു: ഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവൻ ആകയാൽ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങൾ അറിയുന്നു. 17നിനക്ക് എന്തു തോന്നുന്നു? കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞു തരേണം എന്നു പറയിച്ചു. 18യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപടഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നത് എന്ത്? 19കരത്തിനുള്ള നാണയം കാണിപ്പിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശു കൊണ്ടുവന്നു. 20അവൻ അവരോട്: ഈ സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിനു 21കൈസരുടേത് എന്ന് അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിൻ എന്ന് അവൻ അവരോടു പറഞ്ഞു. 22അവർ കേട്ട് ആശ്ചര്യപ്പെട്ട് അവനെ വിട്ടു പൊയ്ക്കളഞ്ഞു.
23പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്ന് അവന്റെ അടുക്കൽ വന്നു: 24ഗുരോ, ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ. 25എന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യയെ സഹോദരനു വിട്ടേച്ചു. 26രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻവരെയും അങ്ങനെതന്നെ. 27എല്ലാവരും കഴിഞ്ഞിട്ട് ഒടുവിൽ സ്ത്രീയും മരിച്ചു. 28എന്നാൽ പുനരുത്ഥാനത്തിൽ അവൾ എഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു. 29അതിനു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു. 30പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു. 31മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ? 32ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്ന് അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ. 33പുരുഷാരം ഇതു കേട്ടിട്ട് അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
34സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചുകൂടി, 35അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു: 36ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയത് എന്നു ചോദിച്ചു. 37യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കേണം. 38ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോടു സമം: 39കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം. 40ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
41പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോട്: 42ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്ന് അവർ പറഞ്ഞു. 43അവൻ അവരോട്: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്നു വിളിക്കുന്നത് എങ്ങനെ?
44“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു”
എന്ന് അവൻ പറയുന്നുവല്ലോ.
45ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു. 46അവനോട് ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോട് ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

മത്തായി 22: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക