മത്തായി 21:33-46

മത്തായി 21:33-46 MALOVBSI

മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിനു വേലി കെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ടു പരദേശത്തു പോയി. ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന് അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു. കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ച്, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു. അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നെ ചെയ്തു. ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു. മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്ന് അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു, അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു. ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോട് എന്തു ചെയ്യും? അവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറേ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്ന് അവർ അവനോടു പറഞ്ഞു. യേശു അവരോട്: “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്ത് അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ട്, തങ്ങളെക്കൊണ്ടു പറയുന്നു എന്ന് അറിഞ്ഞ്, അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്ന് എണ്ണുകകൊണ്ട് അവരെ ഭയപ്പെട്ടു.