അവൻ ദൈവാലയത്തിൽ ചെന്ന് ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നത് ആർ എന്നു ചോദിച്ചു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്ത് അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെനിന്ന്? സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നത് എന്നു പറഞ്ഞു. അങ്ങനെ അവർ യേശുവിനോട്: ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞത്: എന്നാൽ ഞാൻ ഇത് എന്ത് അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല. എങ്കിലും നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്ന് എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു. എനിക്കു മനസ്സില്ല എന്ന് അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി. രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്ന് അങ്ങനെതന്നെ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്ന് അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും. ഈ രണ്ടു പേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തത്? ഒന്നാമത്തവൻ എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു. യോഹന്നാൻ നീതിമാർഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല. മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിനു വേലി കെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ടു പരദേശത്തു പോയി. ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന് അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു. കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ച്, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു. അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നെ ചെയ്തു. ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു. മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്ന് അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു, അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു. ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോട് എന്തു ചെയ്യും? അവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറേ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്ന് അവർ അവനോടു പറഞ്ഞു. യേശു അവരോട്: “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്ത് അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ട്, തങ്ങളെക്കൊണ്ടു പറയുന്നു എന്ന് അറിഞ്ഞ്, അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്ന് എണ്ണുകകൊണ്ട് അവരെ ഭയപ്പെട്ടു.
മത്തായി 21 വായിക്കുക
കേൾക്കുക മത്തായി 21
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 21:23-46
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ