മത്തായി 21:19-32

മത്തായി 21:19-32 MALOVBSI

വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്, അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്ന് അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ എന്നു പറഞ്ഞ് ആശ്ചര്യപ്പെട്ടു. അതിനു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്ന് ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ചെന്ന് ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നത് ആർ എന്നു ചോദിച്ചു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്ത് അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെനിന്ന്? സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നത് എന്നു പറഞ്ഞു. അങ്ങനെ അവർ യേശുവിനോട്: ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞത്: എന്നാൽ ഞാൻ ഇത് എന്ത് അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല. എങ്കിലും നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്ന് എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു. എനിക്കു മനസ്സില്ല എന്ന് അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി. രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്ന് അങ്ങനെതന്നെ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്ന് അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും. ഈ രണ്ടു പേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തത്? ഒന്നാമത്തവൻ എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു. യോഹന്നാൻ നീതിമാർഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല.