അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്ന് അവന്റെ മുമ്പാകെ മുട്ടുകുത്തി: കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായിപ്പോകുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൗഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു. അതിനു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്ന് ഉത്തരം പറഞ്ഞു. യേശു ഭൂതത്തെ ശാസിച്ചു, അത് അവനെ വിട്ടുപോയി, ബാലന് ആ നാഴികമുതൽ സൗഖ്യം വന്നു. പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്ന്: ഞങ്ങൾക്ക് അതിനെ പുറത്താക്കിക്കൂടാഞ്ഞത് എന്ത് എന്നു ചോദിച്ചു. അവൻ അവരോട്: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ; നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്: ഇവിടെനിന്ന് അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്ക് ഒന്നും അസാധ്യമാകയുമില്ല. [എങ്കിലും പ്രാർഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല] എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു. അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു. അവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടുക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്: ഉവ്വ് എന്ന് അവൻ പറഞ്ഞു. അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോട്: ശിമോനേ, നിനക്ക് എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്: അന്യരോട് എന്ന് അവൻ പറഞ്ഞു. യേശു അവനോട്: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ. എങ്കിലും നാം അവർക്ക് ഇടർച്ച വരുത്താതിരിക്കേണ്ടതിനു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ്തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.
മത്തായി 17 വായിക്കുക
കേൾക്കുക മത്തായി 17
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 17:14-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ