മത്തായി 17:1-13

മത്തായി 17:1-13 MALOVBSI

ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ച് ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി, അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ച് അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായിത്തീർന്നു. മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു. അപ്പോൾ പത്രൊസ് യേശുവിനോട്: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്ന്; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം, ഒന്ന് നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു പറഞ്ഞു. അവൻ പറയുമ്പോൾ തന്നെ പ്രകാശമുള്ളോരു മേഘം അവരുടെമേൽ നിഴലിട്ടു; മേഘത്തിൽനിന്ന്: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവനു ചെവികൊടുപ്പിൻ എന്ന് ഒരു ശബ്ദവും ഉണ്ടായി. ശിഷ്യന്മാർ അതു കേട്ടിട്ട് ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു. യേശു അടുത്തു ചെന്ന് അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവർ തല പൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല. അവർ മലയിൽനിന്ന് ഇറങ്ങുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുത് എന്നു കല്പിച്ചു. ശിഷ്യന്മാർ അവനോട്: എന്നാൽ ഏലീയാവു മുമ്പേ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത് എന്നു ചോദിച്ചു. അതിന് അവൻ: ഏലീയാവ് വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം. എന്നാൽ ഏലീയാവ് വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയത് എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രനും അവരാൽ കഷ്ടപ്പെടുവാനുണ്ട് എന്ന് ഉത്തരം പറഞ്ഞു. അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.