മത്തായി 16:1-12

മത്തായി 16:1-12 MALOVBSI

അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്ന് ഒരു അടയാളം കാണിച്ചുതരേണമെന്ന് അവനെ പരീക്ഷിച്ചു ചോദിച്ചു. അവരോട് അവൻ ഉത്തരം പറഞ്ഞത്: സന്ധ്യാസമയത്ത് ആകാശം ചുവന്നു കണ്ടാൽ നല്ല തെളിവാകും എന്നും രാവിലെ ആകാശം മൂടി ചുവന്നു കണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാലലക്ഷണങ്ങളെ വിവേചിപ്പാൻ കഴികയില്ലയോ? ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനായുടെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല; പിന്നെ അവൻ അവരെ വിട്ടുപോയി. ശിഷ്യന്മാർ അക്കരെ പോകുമ്പോൾ അപ്പം എടുപ്പാൻ മറന്നുപോയി. എന്നാൽ യേശു അവരോടു: നോക്കുവിൻ; പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവു സൂക്ഷിച്ചുകൊൾവിൻ എന്നു പറഞ്ഞു. അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്ന് അവർ തമ്മിൽ തമ്മിൽ പറഞ്ഞു. അത് അറിഞ്ഞിട്ടു യേശു പറഞ്ഞത്: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ തമ്മിൽ തമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേർക്ക് അഞ്ച് അപ്പം കൊടുത്തിട്ട് എത്ര കുട്ട എടുത്തു എന്നും നാലായിരം പേർക്ക് ഏഴ് അപ്പം കൊടുത്തിട്ട് എത്ര വട്ടി എടുത്തു എന്നും ഓർക്കുന്നില്ലയോ? പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞത് അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തത് എന്ത്? അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊൾവാൻ അവൻ പറഞ്ഞു എന്ന് അവർ ഗ്രഹിച്ചു.